

ചരിത്രം
ശ്രീ മഹാ വിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്ന ശ്രീ കൃഷ്ണ വിഗ്രഹം ബ്രഹ്മാവിന് കൈമാറി. തുടര്‍ന്ന് അത് കശ്യപനും പിന്നെ വാസുദേവനും അവിടെ നിന്നും അത് ശ്രീ കൃഷ്ണനും കിട്ടി എന്നാണു ഐതീഹ്യം. ശ്രീകൃഷ്ണന്‍ തന്റെ സ്വര്‍ഗാരോഹണ സമയത്തു ആ വിഗ്രഹം ദേവ ഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചിട്ട് കലിയുഗ കാലത്തു മനുഷ്യ നന്മയ്ക്കായി ഭൂമിയില്‍ എവിടെയെങ്കിലും പ്രതിഷ്ഠിക്കാന്‍ പറഞ്ഞു. സ്ഥലമന്വേഷിക്കാന്‍ തന്റെ ശിഷ്യനായ വായുവിനെയും കൂട്ടി. ആ യാത്രയ്ക്കിടയില്‍ അവര്‍ പരശുരാമനെ കാണുകയും അദ്ദേഹം ശൈവ സാന്നിധ്യമുള്ള ഒരു സ്ഥലം കാണിച്ചു കൊടുത്തു. അങ്ങനെ ഗുരുവും വായുവും കൂടി വിഗ്രഹം പ്രതിഷ്ഠിച്ചതിനാലാവാം സ്ഥലത്തിന് ഗുരുവായൂര്‍ എണ്ണ പേരു വന്നത്. ആ സ്ഥലത്തുണ്ടായിരുന്ന ശൈവ ചൈതന്യം തൊട്ടടുത്തുള്ള മമ്മിയൂര്‍ എന്ന സ്ഥലത്തു കുടികൊണ്ടു. ഉണ്ണി കൃഷ്ണനായും ഭൂലോക വൈകുണ്ഠ നാഥനായും ഇന്നു ഭക്തര്‍ ആരാധിച്ചു പോരുന്ന ആ ദിവ്യ ചൈതന്യത്തിന്റെ ക്ഷേത്രം ദേവ ശില്പിയായ വിശ്വകര്‍മ്മാവാണത്രെ.
തമിഴ് കൃതിയായ "കോകസന്ദേശം" ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത് ഏകദേശം 14൦൦ ആണ്ടിലാണ്. ക്ഷേത്രത്തിനു പ്രചുര പ്രചാരം നേടിക്കൊടുത്ത ഒരു കൃതി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ "നാരായണീയം" ആണ്. 100 ദശകങ്ങളായി ഗുരുവായൂര്‍ ചരിതവും ശ്രീ കൃഷ്ണ വര്‍ണനയും കൊണ്ടു ഭക്തന്മാര്‍ക്ക് രസാനുഭൂതിയുളവാക്കുന്നതാണ് ഈ ഗ്രന്ഥം.
"സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം കാലദേശാവദിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രെ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാല്‍ ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം"
ഇങ്ങനെ തുടങ്ങുന്ന നാരായണീയം കേശാദിപാദ പാദാദികേശ വര്‍ണ്ണനകള്‍ക്കൊടുവില്‍ ഗ്രന്ഥത്തിന്റെ അവസാനത്തേക്ക് എത്തുമ്പോള്‍ ഭക്തിയുടെ കൊടുമുടിയിലാകും അത് വായിക്കുന്ന ഏതൊരു ഭക്തനും നില്‍ക്കുക.
ഗുരുവായൂരിനെക്കുറിച്ചു പറയുമ്പോള്‍ ഒരിക്കലും മറക്കരുതാത്ത ഒരു വ്യക്തിയാണ് പൂന്താനം നമ്പൂതിരി. പുത്രവിയോഗത്താല്‍ ദുഖിതനായി ഉണ്ണികൃഷ്ണനെ മനസ്സില്‍ വിചാരിച്ചു കൊണ്ടു എഴുതിയ ഒരു കൃതിയാണ് "ജ്ഞാനപ്പാന" . ശുദ്ധ മലയാളത്തില്‍ ഇത്രയധികം കാവ്യ ഭംഗിയോടെ എഴുതപ്പെട്ടിട്ടുള്ള ഒരു ഭതകാവ്യം ഇല്ല എന്ന് തന്നെ വേണം പറയാന്‍. പിന്നെ പൂന്താനത്തിന്റെ ഭക്തിയും വിഭക്തിയും ഇവിടെ പ്രത്യേകം പ്രദിപാദിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം അത്രയ്ക്ക് പ്രചാരം നേടിയിട്ടുള്ള ഒരു കഥയാണത്.
ക്ഷേത്രഘടന
ഇന്ത്യയില്‍ പ്രശസ്തങ്ങളായുള്ള ക്ഷേത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്രയും വലുപ്പം അഭിമാനിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു സാധിക്കില്ല. എന്നാല്‍ ഈ ക്ഷേത്രം കേരളത്തിലെ പാരമ്പര്യ വാസ്തു വിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. കൂത്തമ്പലവും ആനപ്പന്തലും എല്ലാം ഉള്‍്പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.
ശ്രീകോവിലിനുള്ളിലെ ഭിത്തികളില്‍ എല്ലാംതന്നെ പുരാണ കഥാപാത്രങ്ങളെ ആലേഖനം ചെയ്തിരിക്കുന്നു. സമചതുരത്തിലുള്ളതാണ് ശ്രീകോവില്‍ .
