Wednesday, July 8, 2009

ഗുരുവായൂര്‍

തൃശൂര്‍ ജില്ലയില്‍ ടൌണില്‍ നിന്നു ഏകദേശം 23 കി.മീ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്ര നഗരമാണ്‌ ഗുരുവായൂര്‍. ശ്രീ കൃഷ്ണക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കൊച്ചു ടൌണ്‍ .

ചരിത്രം
ശ്രീ മഹാ വിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്ന ശ്രീ കൃഷ്ണ വിഗ്രഹം ബ്രഹ്മാവിന് കൈമാറി. തുടര്‍ന്ന് അത് കശ്യപനും പിന്നെ വാസുദേവനും അവിടെ നിന്നും അത് ശ്രീ കൃഷ്ണനും കിട്ടി എന്നാണു ഐതീഹ്യം. ശ്രീകൃഷ്ണന്‍ തന്റെ സ്വര്‍ഗാരോഹണ സമയത്തു ആ വിഗ്രഹം ദേവ ഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചിട്ട് കലിയുഗ കാലത്തു മനുഷ്യ നന്മയ്ക്കായി ഭൂമിയില്‍ എവിടെയെങ്കിലും പ്രതിഷ്ഠിക്കാന്‍ പറഞ്ഞു. സ്ഥലമന്വേഷിക്കാന്‍ തന്റെ ശിഷ്യനായ വായുവിനെയും കൂട്ടി. ആ യാത്രയ്ക്കിടയില്‍ അവര്‍ പരശുരാമനെ കാണുകയും അദ്ദേഹം ശൈവ സാന്നിധ്യമുള്ള ഒരു സ്ഥലം കാണിച്ചു കൊടുത്തു. അങ്ങനെ ഗുരുവും വായുവും കൂടി വിഗ്രഹം പ്രതിഷ്ഠിച്ചതിനാലാവാം സ്ഥലത്തിന് ഗുരുവായൂര്‍ എണ്ണ പേരു വന്നത്. ആ സ്ഥലത്തുണ്ടായിരുന്ന ശൈവ ചൈതന്യം തൊട്ടടുത്തുള്ള മമ്മിയൂര്‍ എന്ന സ്ഥലത്തു കുടികൊണ്ടു. ഉണ്ണി കൃഷ്ണനായും ഭൂലോക വൈകുണ്ഠ നാഥനായും ഇന്നു ഭക്തര്‍ ആരാധിച്ചു പോരുന്ന ആ ദിവ്യ ചൈതന്യത്തിന്റെ ക്ഷേത്രം ദേവ ശില്പിയായ വിശ്വകര്‍മ്മാവാണത്രെ.

തമിഴ്‌ കൃതിയായ "കോകസന്ദേശം" ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത് ഏകദേശം 14൦൦ ആണ്ടിലാണ്. ക്ഷേത്രത്തിനു പ്രചുര പ്രചാരം നേടിക്കൊടുത്ത ഒരു കൃതി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ "നാരായണീയം" ആണ്. 100 ദശകങ്ങളായി ഗുരുവായൂര്‍ ചരിതവും ശ്രീ കൃഷ്ണ വര്‍ണനയും കൊണ്ടു ഭക്തന്മാര്‍ക്ക് രസാനുഭൂതിയുളവാക്കുന്നതാണ് ഈ ഗ്രന്ഥം.
"സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം കാലദേശാവദിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രെ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ്ഭാതി സാക്ഷാല്‍ ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം"
ഇങ്ങനെ തുടങ്ങുന്ന നാരായണീയം കേശാദിപാദ പാദാദികേശ വര്‍ണ്ണനകള്‍ക്കൊടുവില്‍ ഗ്രന്ഥത്തിന്റെ അവസാനത്തേക്ക് എത്തുമ്പോള്‍ ഭക്തിയുടെ കൊടുമുടിയിലാകും അത് വായിക്കുന്ന ഏതൊരു ഭക്തനും നില്‍ക്കുക.

ഗുരുവായൂരിനെക്കുറിച്ചു പറയുമ്പോള്‍ ഒരിക്കലും മറക്കരുതാത്ത ഒരു വ്യക്തിയാണ് പൂന്താനം നമ്പൂതിരി. പുത്രവിയോഗത്താല്‍ ദുഖിതനായി ഉണ്ണികൃഷ്ണനെ മനസ്സില്‍ വിചാരിച്ചു കൊണ്ടു എഴുതിയ ഒരു കൃതിയാണ് "ജ്ഞാനപ്പാന" . ശുദ്ധ മലയാളത്തില്‍ ഇത്രയധികം കാവ്യ ഭംഗിയോടെ എഴുതപ്പെട്ടിട്ടുള്ള ഒരു ഭതകാവ്യം ഇല്ല എന്ന് തന്നെ വേണം പറയാന്‍. പിന്നെ പൂന്താനത്തിന്റെ ഭക്തിയും വിഭക്തിയും ഇവിടെ പ്രത്യേകം പ്രദിപാദിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം അത്രയ്ക്ക് പ്രചാരം നേടിയിട്ടുള്ള ഒരു കഥയാണത്.

ക്ഷേത്രഘടന
ഇന്ത്യയില്‍ പ്രശസ്തങ്ങളായുള്ള ക്ഷേത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്രയും വലുപ്പം അഭിമാനിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു സാധിക്കില്ല. എന്നാല്‍ ഈ ക്ഷേത്രം കേരളത്തിലെ പാരമ്പര്യ വാസ്തു വിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. കൂത്തമ്പലവും ആനപ്പന്തലും എല്ലാം ഉള്‍്പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.

ശ്രീകോവിലിനുള്ളിലെ ഭിത്തികളില്‍ എല്ലാംതന്നെ പുരാണ കഥാപാത്രങ്ങളെ ആലേഖനം ചെയ്തിരിക്കുന്നു. സമചതുരത്തിലുള്ളതാണ് ശ്രീകോവില്‍ .


Wednesday, August 20, 2008

1. ആറന്മുള

ആറന്മുള എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ എല്ലാം മനസ്സില്‍ ഓടി വരുന്നതു അവിടെ സ്ഥിതി ചെയ്യുന്ന ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം ആണല്ലോ.
അപ്പോള്‍ പിന്നെ നമ്മള്‍ ആ മനോഹരമായ ക്ഷേത്രത്തെ കുറിച്ചു ഒന്നു അറിയണ്ടേ.

ദക്ഷിണ കേരളത്തിലെ പ്രശസ്തമായ കുറച്ചു വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ് ആറന്മുള ക്ഷേത്രം. ശബരി ഗിരികളില്‍ നിന്നും ഉല്‍ഭവിക്കുന്ന പമ്പ നദിയുടെ ഇടത്തേ കരയിലായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പഞ്ചപാണ്ഡവന്മാരാല്‍് നിര്‍മിതമായ അഞ്ചു ക്ഷേത്രങ്ങള്‍ ആണ് ചെങ്ങന്നൂര്‍ ഭാഗത്ത് ഉള്ളത്. അവയില്‍ ഉള്‍പെടുന്നു ആറന്മുള ക്ഷേത്രവും. അര്‍്ജ്ജുനന്‍് ആണ് ആറന്മുള ക്ഷേത്രം പ്രതിഷ്ഠിച്ചത്. മറ്റു നാള് ക്ഷേത്രങ്ങള്‍ ചെങ്ങന്നൂര്‍ ക്ഷേത്രം, ത്രിപ്പുലിയൂര്‍ ക്ഷേത്രം, തിരുവന്മുണ്ടൂര്‍ ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം എന്നിവയാണ്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നു ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ പതിനെട്ടു പടികളാണുള്ളത്. വടക്കേ നടയില്‍ കൂടി ഒരു അന്‍പത്തി ഏഴ് പടികള്‍ ഇറങ്ങിയാല്‍ പമ്പാ നദിയില്‍ കാല്‍ നനയ്ക്കാം.
മഹാഭാരത കാലത്തു അര്‍ജ്ജുനന്‍ ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കല്‍ എന്ന സ്ഥലത്താണ് പാര്‍ത്ഥസാരഥി പ്രതിഷ്ഠ നടത്തിയത്. അവിടെ നിന്നു ആറു മുള കെട്ടിയ ചങ്ങാടത്തിലാണ് വിഗ്രഹം ആറന്മുളയില്‍ കൊണ്ടുവന്നത്. അങ്ങനെ ആണത്രേ സ്ഥാലത്തിനു ആറന്മുള എന്ന പേരു കിട്ടിയത്.

ചിങ്ങ മാസത്തിലെ ഉതൃട്ടാതി നാളില്‍ നടക്കുന്ന വള്ളംകളിയാണ് ആറന്മുളയുടെ മറ്റൊരു പ്രത്യേകത.
ഏകദേശം നാല്‍പ്പത്തി രണ്ടു ചുണ്ടന്‍ വള്ളങ്ങളാണ് (അഥവാ പള്ളിയോടങ്ങള്‍ ) അന്നത്തെ ദിവസം പമ്പാ നദിയില്‍ മത്സരത്തിനിറങ്ങുന്നത് .

ആറന്മുളയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക് മറ്റൊരു ഓണം ആണ് വള്ളംകളി.

വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ഉത്സാഹ തിമര്‍പ്പോടെയുള്ള ആ കാഴ്ച ഒന്നു വേറെ തന്നെ ആണ്. ഓരോ വഞ്ചിയിലും തലപ്പത്ത്‌ നാലു പേരും തുഴക്കാരായി നൂറു അല്ലെങ്കില്‍ നൂറ്റിയിരുപതു ആളുകളും കാണും. അത് കൂടാതെ ഇരുപത്തിയഞ്ച് വഞ്ചിപ്പാട്ടുകാരും കാണും. ആറന്മുള ഭഗവാനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ളതായിരിക്കും മിക്ക വഞ്ചിപ്പാട്ടുകളും.

പിന്നെ ആറന്മുളയുടെ മാത്രം സ്വന്തമായ മറ്റൊന്നാണ് ആറന്മുള കണ്ണാടി. ഇതിന്റെ നിര്‍മാണ ശൈലി തന്നെ ആണ് ഇതിനെ വിശിഷ്ടമാക്കുന്നത്.